ന്യൂഡൽഹി: കരാറുകാരനിൽനിന്ന് 12 ലക്ഷം രൂപ കൈക്കൂലി വാങ്ങാൻ ശ്രമിച്ച നാഷണൽ ഹൈവേ അഥോറിറ്റി ഓഫ് ഇന്ത്യ (എൻഎച്ച്എഐ) ഷില്ലോംഗ് പ്രോജക്ട് ഡയറക്ടർ ആനന്ദ് സിംഗ് ചൗഹാൻ ഉൾപ്പെടെ മൂന്നുപേരെ സിബിഐ അറസ്റ്റ് ചെയ്തു.
കരാറുകാരന് ലഭിക്കാനുണ്ടായിരുന്ന 13.38 കോടി രൂപയുടെ കുടിശിക ബിൽ പാസാക്കി നൽകുന്നതിനാണ് പ്രതികൾ കൈക്കൂലി ആവശ്യപ്പെട്ടത്. ഈ മാസം ആദ്യം ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത സിബിഐ തുടർനടപടി സ്വീകരിക്കുകയായിരുന്നു.
കൈക്കൂലിത്തുകയുടെ ആദ്യ ഗഡുവായി നാലു ലക്ഷം രൂപ ഒരു ഇടനിലക്കാരനു കൈമാറാനാണ് കരാറുകാരനോട് ചൗഹാൻ ആവശ്യപ്പെട്ടത്. ഇതനുസരിച്ച് സിബിഐ പ്രതിയെ കുടുക്കുന്നതിനുള്ള കെണിയൊരുക്കി.
പിന്നീട് പണം കൈപ്പറ്റുന്നതിനിടയിൽ ഇടനിലക്കാരായ പുനീത് അഗർവാൾ, മനീഷ് അഗർവാൾ എന്നിവരെ കൈയോടെ പിടികൂടി. തുടർന്ന് പ്രോജക്ട് ഡയറക്ടർ ഉൾപ്പെടെ മൂന്നു പ്രതികളെയും സിബിഐ അറസ്റ്റ് ചെയ്യുകയും ഇവരുടെ താമസസ്ഥലങ്ങളിൽ പരിശോധന നടത്തുകയും ചെയ്തു. കേസിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.